പാലക്കാട്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ.ഡി റെയ്ഡിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

പൃഥ്വിരാജിന് നോട്ടീസ് ലഭിക്കുമെന്ന് താന്‍ ഇന്നലെ പറഞ്ഞതേയുള്ളൂവെന്നും അടുത്തത് എമ്പുരാന്‍ സിനിമ കണ്ടവര്‍ക്കാണ് നോട്ടീസ് വരാനുള്ളതെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും നാണമില്ലാത്ത പേടിത്തൊണ്ടന്മാര്‍ ആണല്ലോ ഈ ഫാഷിസ്റ്റുകളെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് എന്ന വാര്‍ത്തക്ക് പിന്നാലെ അവര്‍ ഇനി സിനിമയുടെ സംവിധായകന്‍ പൃത്വിരാജിനെയും നടന്‍ മോഹന്‍ലാലിനെയും തേടി വരുമെന്ന് രാഹുല്‍ പോസ്റ്റിട്ടിരുന്നു.

ഇന്ന് രാവിലെയാണ് പൃത്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫിസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *