വാട്സ്ആപ്പ് കഴിഞ്ഞ ദിവസമാണ് വ്യൂ വൺസ് എന്ന ഫീച്ചർ അവതരിപ്പിച്ചത്. എന്താണ് ഈ വ്യൂ വൺസ് ഫീച്ചറിന്റെ പ്രത്യേകത എന്നറിയേണ്ടേ. ഈ ഫീച്ചർ ഓൺ ചെയ്ത് ഒരാൾ ഫോട്ടോകളും വീഡിയോകളും അയച്ചാൽ മെസ്സേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കൽ മാത്രമേ അവ കാണാൻ സാധിക്കൂ.
വാട്സ്ആപ്പിലെ ഡിസപീയറിങ് മെസ്സേജ് സംവിധാനത്തിന് സമാനമായാണ് വ്യൂ വൺസ് ഫീച്ചറും പ്രവർത്തിക്കുന്നത്. എന്നാൽ ഡിസപീയറിങ് മെസ്സേജിൽ 7 ദിവസം കഴിയുമ്പോൾ മാത്രമേ ഫോട്ടോകളും, വിഡിയോകളും, മെസ്സേജുകളും തനിയെ ഡിലീറ്റ് ചെയ്യപ്പെടുകയുള്ളൂ എന്നാൽ ഇൻസ്റ്റാഗ്രാമിന്റെ വാനിഷ് മോഡ് പോലെയാണ് വ്യൂ വൺസ് ഫീച്ചറിന്റെ പ്രവർത്തന രീതി. ഒരു തവണ ചാറ്റ് വിൻഡോ തുറന്ന് ഫോട്ടോകളും, വിഡിയോകളും കണ്ടശേഷം വിൻഡോ ക്ലോസ് ചെയ്ത് ഓപ്പൺ ചെയ്‌താൽ പിന്നീട് കാണാൻ സാധിക്കില്ല.
വ്യൂ വൺസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
വാട്സ്ആപ്പ് തുറന്ന് ഏതെങ്കിലും ഒരു ചാറ്റ് വിൻഡോ തുറക്കുക
ചാറ്റ്ബോക്സിൽ നിന്ന് ക്യാമറ ഐക്കണിൽ ടാപ്പുചെയ്ത് ഒരു ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക
തുടർന്ന്, പ്രിവ്യൂ വിൻഡോയിൽ ടെക്സ്റ്റ് ബോക്സിന്റെ വലത് കോണിലുള്ള വ്യൂ വൺ ഐക്കണിൽ ടാപ്പ് ചെയ്യുക.
അവിടെ വ്യൂ വൺസ് പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങൾക്ക് പുത്തൻ ഫീച്ചറിലൂടെ ഫോട്ടോകളും, വിഡിയോകളും അയയ്ക്കാം.
സവിശേഷതകൾ
ഫോട്ടോയും, വിഡിയോകളും സ്വീകർത്താവിന്റെ ഗാലറിയിൽ സേവ് ആവില്ല.
ഗ്രൂപ്പ് മെസ്സേജുകൾക്കും വ്യൂ വൺസ് ഫീച്ചർ ഫീച്ചർ പ്രയോജനപ്പെടുത്താം.
ഒരിക്കൽ മാത്രമേ ഫോട്ടോകളും വീഡിയോകളും കാണാനാകൂ, അയച്ചയാൾ അത് വീണ്ടും അയച്ചില്ലെങ്കിൽ വീണ്ടും കാണാൻ ഒരു വഴിയുമില്ല.
വ്യൂ വൺസ് ഫീച്ചർ ഓൺ ചെയ്ത് അയക്കുന്ന ഫോട്ടോകളും വിഡിയോകളും സ്റ്റാർ ചെയണോ, മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.
14 ദിവസത്തിനുള്ളിൽ അയച്ച മെസേജ് സ്വീകർത്താവ് ഒരിക്കൽ പോലും തുറന്ന് നോക്കിയില്ലെങ്കിൽ
സന്ദേശം തനിയെ അപ്രത്യക്ഷമാകും.
ബാക്കപ്പ് ചെയ്യുമ്പോഴും സന്ദേശം തുറന്നിട്ടില്ലെങ്കിൽ ബാക്കപ്പിൽ നിന്ന് ഫോട്ടോകളും, വിഡിയോകളും
പുനസ്ഥാപിക്കാൻ കഴിയും. അപ്പോഴും ഒരിക്കൽ മാത്രമേ കാണാനാകൂ.
വ്യൂ വൺസ് ഫീച്ചർ ഒരു പരിധിവരെ സ്വകാര്യതയെ സംരക്ഷിക്കും എങ്കിലും സ്ക്രീൻഷോട്ട്, സ്ക്രീൻ റെക്കോർഡിംഗ് എന്നിവയിലൂടെ സ്വീകർത്താവിന് ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യാൻ സാധിക്കും.