ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍ പെട്ടു. ആറ് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് വഴി തെറ്റി ഒഴുക്കില്‍പ്പെട്ടത്. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന്‍ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തു നിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കല്‍ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കല്‍- നാട്ടകം സിമിന്റു കവല ബൈപാസിലൂടെ പാറേച്ചാല്‍ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്. ഈ ഭാഗത്ത് റോഡില്‍ ഉള്‍പ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

പാറേച്ചാല്‍ ജെട്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് കാര്‍ തോട്ടിലേക്ക് പതിച്ചത്. ഇതോടെ യാത്രക്കാര്‍ നിലവിളിക്കുകയും ചില്ലില്‍ ഇടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. നാട്ടുകാരായ സത്യന്‍, വിഷ്ണു എന്നിവര്‍ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഈ സമയം കാര്‍ വെള്ളത്തിലൂടെ 300 മീറ്ററോളം ഒഴുകി നീങ്ങിയിരുന്നു.

ഇതിനിടെ കാറിന്റെ മുന്‍ഭാഗം ചെളിയില്‍ താണു. നാട്ടുകാര്‍ കയറിട്ട് കാര്‍ അടുത്തുള്ള വൈദ്യുതതൂണില്‍ ബന്ധിപ്പിച്ചു. വാതില്‍ തുറന്ന് കുഞ്ഞിനേയും മറ്റുള്ളവരേയും പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കുകളില്ല. രാത്രിയില്‍ എത്തിയ ബന്ധുക്കളോടൊപ്പം ഇവരെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *