അലഹബാദ്: ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്‌ സിങ് വഗേല രാജിവെച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജി പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും. അതേസമയം രാജിയില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല.

കുറച്ച് ദിവസത്തിനകം എല്ലാം ശരിയാകുമെന്ന പ്രസ്താവനയാടെയാണ് വഗേല രാജിവെച്ചത്. വിമത നീക്കത്തില്‍ വഗേലയും പങ്കാളിയാണെന്ന ആരോപണം ഉണ്ട്. സംസ്ഥാന അധ്യക്ഷനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സൂറത്ത് ക്രൈംബ്രാഞ്ച് ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി എംഎല്‍എ സന്ദീപ് ദേശായിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സമാനമായ രീതിയില്‍ ജിനേന്ദ്ര ഷാ എന്നയാളേയും സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ ജനറല്‍ സെക്രട്ടറി ഭാര്‍ഗവ് ഭട്ടിനെ പദവിയില്‍ നിന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് ഒഴിവാക്കിയിരുന്നു. പിന്നീട് ആ ചുമതലയിലേക്ക് ആരേയും നിയോഗിച്ചിട്ടില്ല. ഗുജറാത്ത് ബിജെപിക്ക് ആകെ നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത്. വഗേലയുടെ രാജിയോടെ ഇനി രണ്ട് പേര്‍ മാത്രമായിരിക്കും ചുമതലയിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *