കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന 16-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സ്നേഹ മെർലിൻ (25) അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് നീലേശ്വരം പോലീസ് പ്രതിയെ പിടികൂടുന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് 25-കാരിയായ സ്നേഹ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന നിലയിൽ സ്നേഹ ഒരു വർഷത്തോളം അവിടെ താമസിക്കുകയും കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ ജയിലിൽ വെച്ചാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെടുന്നത്. അമ്മ ലഹരിവില്പന കേസിൽ ജയിലിലായിരുന്നപ്പോൾ, സ്നേഹ മറ്റൊരു പോക്‌സോ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛൻ നിലവിൽ പോക്‌സോ കേസിൽ ജയിലിലാണ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തുടർന്ന് നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിക്ക് നൽകിയ കൗൺസിലിംഗിലാണ് അച്ഛന് പുറമെ സ്നേഹയും തന്നെ പീഡിപ്പിച്ചിരുന്ന വിവരം വെളിപ്പെടുത്തുന്നത്.
