പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ. ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുന്നത് റെക്കോർഡുമായി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്.

ഷൂട്ടർ അവാനി ലേഖരയാണ് ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയത്. ഒരു സ്വർണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ വെങ്കലം നേടിയ അവാനി പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം വെടിവെച്ചിട്ടു. അവാനി തന്നെയാണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.

ജാവലിൻ ത്രോ താരം സുമിത് അൻ്റിലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സ്വർണം നേടി എന്നതല്ല സുമിതിൻ്റെ സവിശേഷത. ലോക റെക്കോർഡോടെ മെഡൽ നേടി എന്നതുമല്ല. ആകെ അഞ്ച് ത്രോയിൽ മൂന്നിലും ലോക റെക്കോർഡ് മറികടന്നു എന്നതാണ് ലോകത്തെ ഞെട്ടിച്ചത്. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.

പുരുഷ ഷൂട്ടിംഗിലും ഇന്ത്യ ഇരട്ട മെഡൽ നേടി. സിംഗ് രാജ് ആണ് ഇരട്ട മെഡൽ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 10മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1വിഭാഗത്തിൽ രാജ് വെങ്കലം നേടിയ താരം 50 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് തിരുത്തിയ പ്രവീൺ കുമാർ ടി-64 ഹൈജമ്പിൽ വെള്ളി നേടി.

Leave a Reply

Your email address will not be published. Required fields are marked *