ലഖ്നോ: ഉത്തര്‍പ്രദേശില്‍ രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സ് ഡ്രൈവറും സഹായിയും ചേര്‍ന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭര്‍ത്താവിന്റെ ഓക്സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും യുവതി പറഞ്ഞു.
ആഗസ്റ്റ് 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവിടെനിന്ന് ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി ഗാസിപൂരില്‍നിന്ന് ഒരു സ്വകാര്യ ആംബുലന്‍സ് വിളിച്ചു.
രോഗിയായ ഭര്‍ത്താവിനൊപ്പം പരാതിക്കാരിയുടെ സഹോദരനും ആംബുലന്‍സിലുണ്ടായിരുന്നു. യാത്രക്കിടെ ഡ്രൈവര്‍ സ്ത്രീയോട് മുന്‍വശത്തെ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടു. സ്ത്രീ മുന്‍സീറ്റിലിരുന്നാല്‍ രാത്രി പൊലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് സ്ത്രീയെ നിര്‍ബന്ധിച്ച് മുന്‍സീറ്റിലിരുത്തി. ഇതിന് പിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
അതിക്രമം കണ്ട് സഹോദരനും രോഗിയായ ഭര്‍ത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടര്‍ന്നു. പിന്നാലെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഭര്‍ത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്സിജന്‍ മാസ്‌ക് നീക്കിയെന്നും ഭര്‍ത്താവിനെ ആംബുലന്‍സില്‍നിന്ന് പുറത്തിറക്കിയെന്നും യുവതി പറഞ്ഞു. ഇവരുടെ സഹോദരനെ മുന്‍വശത്തെ കാബിനില്‍ പൂട്ടിയിട്ട പ്രതികള്‍ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 10,000 രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ച് ആംബുലന്‍സുമായി രക്ഷപ്പെട്ടെന്നും സ്ത്രീ പറഞ്ഞു.