കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന
‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപം കണ്ടെത്തിയ ആനക്ക് വലിയ പരിക്കുകൾ ഇല്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ച ആന ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.