ന്യൂ ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പാർട്ടി നേതാക്കൾ നടത്തുന്ന പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തള്ളിയിട്ടുണ്ടെന്നും, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തകരും നേതാക്കളും മാന്യതയും അച്ചടക്കവും പുലർത്തണം. താൻ ആർക്കെതിരെയും പരാതി പറയാൻ വന്നതല്ലെന്നും, ഹൈക്കമാൻഡ് ഭരണപരമായ കാര്യങ്ങൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പരിഗണനയിലുള്ള പരാതിയായതിനാൽ വിഷയത്തിൽ അടൂർ പ്രകാശുമായി ചർച്ച നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർക്കെതിരെയുമുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. സിപിഎം നേതാക്കൾക്കെതിരെ പീഡന പരാതികൾ ഉയർന്നാൽ അത് പാർട്ടിക്കുള്ളിൽ ഒതുക്കിത്തീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ഇത്തരം പരാതികൾ ഉടൻ തന്നെ പോലീസിന് കൈമാറുകയാണ് വേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
