മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻതോതിലുള്ള ലഹരിമരുന്നുമായി കായികാധ്യാപകൻ പിടിയിൽ. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശിയായ ചേലോടൻ മുജീബ് റഹ്‌മാനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ എം.ഇ.എസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് കണ്ടെത്തിയത്. ഡാൻസാഫ് എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്‌തിട്ടുള്ള മുജീബ് റഹ്‌മാൻ, ഒരു വർഷം മുമ്പാണ് ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക് ലഹരിവസ്തുക്കൾ വൻതോതിൽ എത്തിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഈ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *