ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഗ്യാസ്‌ട്രോഎന്‍ട്രോളജി എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യം

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിന് കീഴില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ആന്റ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കരള്‍ രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമാണ് ആരംഭിക്കുന്നത്. സുതാര്യമായ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ 2021ലാണ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ നല്‍കുന്ന മികച്ച ക്ലിനിക്കല്‍ വിഭാഗമാണിവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കൊല്ലം, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്ന് കരള്‍രോഗ ചികിത്സയ്ക്ക് പ്രധാനമായും റഫര്‍ ചെയ്യപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. മൂന്ന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ആന്‍ഡ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ഈ രംഗത്ത് പരിശീലനം നേടുന്നതിനും കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാകാനും സാധിക്കുന്നു.

ലിംഗാവബോധം: ബോധവത്കരണ സെമിനാർ നാളെ

കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, കമ്മീഷന്റെ പാനല്‍ അഭിഭാഷകര്‍, വനിതാ ശിശു വികസന വകുപ്പിന്റെ കൗണ്‍സലര്‍മാര്‍ എന്നിവരില്‍ ലിംഗാവബോധം വളര്‍ത്തുന്നതിനായുള്ള കോഴിക്കോട് മേഖലാ സെമിനാര്‍ നാളെ നടക്കും. രാവിലെ 10 മണിക്ക് കോഴിക്കോട് പുതിയറ എസ്‌കെ പൊറ്റെക്കാട് കള്‍ച്ചറല്‍ സെന്ററില്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും.

ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസും ലിംഗാവബോധം നിയമപാലകരില്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാജ്പാല്‍ മീണയും ക്ലാസ്സെടുക്കും. കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍.മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ സംസാരിക്കും.

ജലവിതരണം തടസ്സപ്പെടും

കേരള ജല അതോറിറ്റിയുടെ മാവൂരിൽ നിന്നുള്ള ജലവിതരണ കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച്‌ 6, 7, 8 ദിവസങ്ങളിൽ മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ, മലാപറമ്പ് എന്നിവിടങ്ങളിൽ പൂർണ്ണമായും ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കൾ കൂടുതൽ ജലം മുൻകൂറായി സംഭരിച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547638209

Leave a Reply

Your email address will not be published. Required fields are marked *