മനോദൗർബല്യം പൂർണ്ണമായി മാറിയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും വീട്ടുകാർ കൂട്ടികൊണ്ടുപോകാതെ മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

 ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഏപ്രിൽ 10ന് കേസ് പരിഗണിക്കും.


 പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 പേരും തൃശ്ശൂരിൽ 25 പേരുമാണ് ബന്ധുക്കൾക്കായി കാത്തിരിക്കുന്നത്.  25 നും 60 നുമിടയിൽ പ്രായമുള്ളവരാണ് എല്ലാവരും.  ചികിത്സക്കെത്തുമ്പോൾ ബന്ധുക്കൾ നൽകുന്ന ഫോൺനമ്പർ പിന്നീട് മാറ്റുന്നതും തെറ്റായ മേൽവിലാസം നൽകുന്നതും രോഗം ഭേദമാകുന്നവരെ ബന്ധുക്കളെ ഏൽപ്പിക്കാൻ  തടസ്സമാകാറുണ്ട്.  


 അടുത്ത കാലത്ത് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യ കേന്ദം സന്ദർശിച്ച് ആശുപത്രിയിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകിയിരുന്നു.  ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *