
സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവുമായി 17 കോടിയുടെ വസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തു.ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചതെന്ന് രന്യ റാവു. ഡിആർഐക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
സ്വർണ്ണം കടത്തുന്ന ഓരോ ട്രിപ്പിലും നടിക്ക് 12 ലക്ഷം രൂപ വരെ പ്രതിഫലം കിട്ടിയിരുന്നതായി ഡിആർഐ വ്യക്തമാക്കി. ഒരു കിലോയ്ക്ക് ഒരു ലക്ഷം എന്നതായിരുന്നു കണക്ക്. കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന ഒഴിവാക്കിയാണ് രന്യ റാവു വിമാനത്താവളത്തില്‍ നിന്നും പുറത്തു കടന്നിരുന്നത്. അറസ്റ്റിലാകുമ്പോൾ ഒരു പൊലീസ് കോൺസ്റ്റബിളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇയാളെയും ഡിആർഐ ചോദ്യം ചെയ്തു വരികയാണ്.14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടി രന്യ റാവു പരപ്പന അഗ്രഹാര ജയിലില്‍ ആണ്. ദുബായില്‍ നിന്നും സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടെ ഞായറാഴ്ച വൈകീട്ടാണ് രന്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.14.2 കിലോ സ്വർണ്ണമാണ് രന്യ റാവുവില്‍ നിന്നും കണ്ടെടുത്തത്. ശരീരത്തില്‍ അണിഞ്ഞും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 12.56 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 30 തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്. ഈ യാത്രയിൽ ഓരോ തവണയും സ്വര്‍ണ്ണം കടത്തിയിരുന്നു.