കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

ഫാര്‍മസിസ്റ്റ്: അഭിമുഖം മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ മെയ് 10, 11 തീയതികളിലായി നടത്താനിരുന്ന ഫാര്‍മസിസ്റ്റ് തസ്തികളിലേക്കുളള ഇന്റര്‍വ്യൂ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന) ലോക്ക് ഡൗണ്‍ ആയതിനാല്‍ മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ചോമ്പാല ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനം

അഴിയൂരില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ചോമ്പാല ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനം. ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ വടകര ഇന്‍സിഡന്റ് കമാന്‍ഡര്‍ അനുപം മിശ്ര ഹാര്‍ബറില്‍ ഉന്നതതല യോഗം ചേരുകയും വ്യാഴാഴ്ച (മെയ് 6) അഞ്ച് മണി മുതല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *