തൃശ്ശൂർ നെടുമ്പാളിൽ വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ 45 വയസുള്ള, കിടപ്പുരോ​ഗിയായ സന്തോഷ് ആണ് മരിച്ചത്. തൻ്റെ ഭർത്താവാണ് കൊല ചെയ്തതെന്ന് സന്തോഷിന്റെ സഹോദരി ഷീബ പോലീസിന് മൊഴി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ റിക്ഷ തൊഴിലാളിയായ സന്തോഷ് ഏറെ നാളായി തളർന്ന് കിടപ്പായിരുന്നു. സന്തോഷിന്റെ വീട്ടിലാണ് സഹോദരി ഷീബയും ഭർത്താവ് സെബാസ്റ്റ്യനും കഴിഞ്ഞിരുന്നത്. ഇവരാണ് സന്തോഷിന്റെ മരണവിവരം നാട്ടുകാരെ അറിയിച്ചത്. മൃതദേഹം തറയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരും പഞ്ചായത്തം​ഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു. പിന്നാലെ സെബാസ്റ്റ്യൻ വിഷം കഴിക്കുകയും സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.പിന്നീട് പൊലീസ് ഷീബയെ തനിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ ചങ്ങല കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. സെബാസ്റ്റ്യൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം തുടർ നടപടികൾ കൈക്കാെള്ളുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *