പഞ്ചാബിനെ പിടിച്ചുകുലുക്കി ഇരട്ട സ്ഫോടനങ്ങൾ. അമൃത്സർ കന്റോൺമെന്റിന് സമീപത്തും ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തുമാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയേഴ്‌സ് ആസ്ഥാനത്തിന് പുറത്താണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആദ്യം സ്ഫോടനം ഉണ്ടായത്.

നിർത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഹന ഉടമയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഗുർപ്രീത് സിങ്ങിനാണ് പരുക്കേറ്റത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ബിഎസ്എഫിനും സൈന്യത്തിനും മാത്രമാണ് ഗുർപ്രീത് പാഴ്‌സലുകൾ എത്തിക്കുന്നതെന്നും സ്‌ഫോടനം നടന്നപ്പോൾ സ്‌കൂട്ടറിന് സമീപത്തായിരുന്നില്ല അദ്ദേഹമെന്നും പിതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോ ബോംബ് എറിഞ്ഞതായി ഗുർപ്രീതിന് തോന്നിയെന്നും വിരമിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൂടിയായ ഗുർപ്രീതിന്റെ പിതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

അതേ ദിവസം തന്നെ, അമൃത്സറിലെ കന്റോൺമെന്റ് പ്രദേശത്തിനടുത്തുള്ള ഖാസയിലും സ്ഫോടനമുണ്ടായി. രാത്രി 10.50 ഓടെ ആയിരുന്നു സംഭവം. പൊലീസും സുരക്ഷാ ഏജൻസികളും ഉടനടി ഇടപെട്ടു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

സംശയാസ്പദമായ സ്ഫോടനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ കന്റോൺമെന്റ് പ്രദേശത്ത് നിലയുറപ്പിച്ച സൈനികരോടൊപ്പം സ്ഥലത്തെത്തിയതായും എസ്പി ആദിത്യ എസ് വാര്യർ അറിയിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഥലത്ത് നിന്ന് സാമ്പിളുകളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *