വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നും ഡൽഹിയിൽ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനാവശ്യമായ കാലതാമസം ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം പാർട്ടി നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതലയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹം സംബന്ധിക്കും.
അതേസമയം, കേരളത്തിലെ എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിനായി രണ്ട് നിരീക്ഷകരെ അയക്കാൻ എഐസിസി തീരുമാനിച്ചു. നേതാക്കളാരെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം നടക്കുന്ന ദിവസം നിരീക്ഷകർ തിരുവനന്തപുരത്തെത്തി ഓരോ എംഎൽഎമാരുമായും വ്യക്തിപരമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും.
