കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്രവിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി കണ്ടിരുന്നതാണെന്നും ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതാണ് ഇതിന് കാരണമെന്നും കെ. സുധാകരൻ എംപി. കേരളം ഭരിക്കാനുള്ള ജനവിധി യുഡിഎഫിന് ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിക്ക് പോയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും കേരളത്തിൽ അപ്രസക്തമായെന്നും വിജയലഹരിയിൽ നിൽക്കുന്ന തങ്ങളെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ച് വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോഴും മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന നിർണായക നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഓരോ എംഎൽഎമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടിയ ശേഷം കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *