തെല്‍ അവിവ്: ഇറാന്‍ ആക്രമിച്ചത് ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഗ്രഹ ഡാറ്റ വിലയിരുത്തിയാണ് ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആക്രമണം വിശദീകരിക്കുന്നത്. 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മിലെ സംഘര്‍ഷം നീണ്ടുനിന്നത്. കനത്ത ആക്രമണ- പ്രത്യാക്രമണങ്ങള്‍ക്കാണ് ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നത്.
അഞ്ച് ഐഡിഎഫ് താവളങ്ങള്‍ ആകെ ആറ് റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴയതും എന്നാല്‍ വ്യോമസേനയുടെ പ്രധാനപ്പെട്ടതുമായ ടെല്‍ നോഫ് എയര്‍ബേസ്, ഗ്ലിലോട്ട് ഇന്റലിജന്‍സ് ബേസ്, സിപ്പോറിറ്റിലെ ആയുധ നിര്‍മ്മാണ കേന്ദ്രം എന്നിവയടക്കം ഇതിലുള്‍പ്പെടും. ആറ് റോക്കറ്റുകള്‍ക്ക് പുറമേ ഇസ്രായേലിന്റെയും യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നും 36 മറ്റ് മിസൈലുകള്‍ കൂടി ഇസ്രായേലിനുള്ളില്‍ പതിച്ചു.