തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ. അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചു. ഉയർന്നുവന്ന പരാതികളിൽ അന്വേഷണം നടത്താൻ വിജിലൻസും അനുമതി തേടി.

അതേസമയം, ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയിലും ഭിന്നത ഉയർന്നിട്ടുണ്ട്. പരീക്ഷ കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതില്‍ ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെയര്‍മാന്റേത് ഏകാധിപത്യ തീരുമാനമെന്നും അംഗങ്ങളെ മണ്ടന്‍മാരാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

അന്വേഷണം വിജിലന്‍സ് എസ്പിയെ ഏല്‍പ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാപക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന് ചേരും.

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നതായും കണ്ടെത്തിയിരുന്നു. ആഭ്യന്തര വിജിലന്‍സ് അന്വേഷണം പിഎസ്‌സി ചെയര്‍മാന്‍ മരവിപ്പിച്ചു. എസ്‌പിക്ക് പകരം പിഎസ്‌സി പരീക്ഷ കണ്‍ട്രോളറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നൽകിയിരുന്നു.

ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചായിരുന്നു പരാതി ഉയർന്നത്. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. മൂന്ന് വർഷം കഴിഞ്ഞിട്ടും മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. 

പിഎസ്‌സി നിയമനങ്ങളില്‍ 2019ലും അട്ടിമറി നടന്നതായി ഉദ്യോഗാര്‍ഥി വെളിപ്പെടുത്തിയിരുന്നു. എഴുത്തുപരീക്ഷയില്‍ പിന്നിലായ കെജിഒഎ നേതാവിനും ആസൂത്രണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്‌തെന്നായിരുന്നു ആരോപണം.

ചീഫ് സോഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ദലിത് യുവതിയെ അഭിമുഖത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നല്‍കി പിഎസ്‌സി പുറത്താക്കി. പണം അടച്ച് ഏഴ് വര്‍ഷമായിട്ടും ഉത്തരക്കടലാസുകള്‍ പിഎസ്‌സി നല്‍കിയിട്ടില്ലെന്ന് ചീഫ് സോഷ്യല്‍ സര്‍വീസ് റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്തായ സൗമ്യ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *