ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമർശനവുമായി ജി. സുധാകരൻ രംഗത്ത്. ഗോവിന്ദൻ വലിയൊരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അദ്ദേഹം സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം വർഗത്തെ പരാജയപ്പെടുത്തി മുതലാളിത്ത-ബൂർഷ്വാ ശക്തികൾക്ക് സന്തോഷമുണ്ടാക്കുന്ന രീതിയിലാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നത്. നിലവിലെ പാർട്ടിയുടെ അധഃപതനത്തിന് കാരണം അദ്ദേഹമാണെന്നും, അതിനാൽ എം.വി. ഗോവിന്ദൻ അടിയന്തരമായി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സ്വന്തം ജില്ലയായ കണ്ണൂരിൽ അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിട്ടും ഗോവിന്ദന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ പരിഹസിച്ചു. ഇത്രയും വലിയ കനത്ത തിരിച്ചടി നേരിട്ടിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാത്ത അദ്ദേഹം ആ കസേരയിലിരിക്കാൻ ഒട്ടും യോഗ്യനല്ലെന്നും പാർട്ടിക്ക് അദ്ദേഹത്തെ പുറത്താക്കാൻ ബാധ്യതയുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പ്രസ്ഥാനത്തിന് തന്നെ ദ്രോഹം ചെയ്യുന്ന വ്യക്തിയാണ് നിലവിലെ സെക്രട്ടറിയെന്നും അദ്ദേഹം ആരോപിച്ചു.

താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതിൽ മറ്റ് രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. താൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ അല്ല, മറിച്ച് ഭരണഘടന അനുവദിക്കുന്ന അവകാശം ഉപയോഗിച്ച് സ്വയം മാറിനിന്നതാണ്. മെമ്പർഷിപ്പ് പുതുക്കാതിരുന്ന തന്നെ വർഗവഞ്ചകൻ എന്ന് വിളിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ സുധാകരൻ, താൻ ഇപ്പോൾ പൂർണ്ണ സ്വതന്ത്രനാണെന്നും എൽ.ഡി.എഫിലോ യു.ഡി.എഫിലോ ഇല്ലെന്നും വ്യക്തമാക്കി. എങ്കിലും മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *