തൃശൂർ: സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി മിഷൻ എന്നിവടങ്ങളിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച വാഗ്ദാനങ്ങൾ മാനേജ്മെന്റ് നടപ്പാക്കാത്തതിനെത്തുടർന്ന് തൃശൂർ ജില്ലയിലെ നഴ്സുമാർ സമ്പൂർണ്ണ പണിമുടക്കിലേക്ക് കടക്കുന്നു. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചു. പണിമുടക്ക് കാരണം രോഗികൾ ദുരിതത്തിലാകുന്നത് ഒഴിവാക്കാൻ, ആശുപത്രികളിൽ കഴിയുന്ന രോഗികളെ മാറ്റുന്നതിനായി 48 മണിക്കൂർ സമയം നൽകുമെന്നും യുഎൻഎ വ്യക്തമാക്കി.

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് അമല, ജൂബിലി ആശുപത്രി മാനേജ്മെന്റുകൾ നൽകുന്നത്. നഴ്സുമാരുടെ സമരത്തെത്തുടർന്ന് ആശുപത്രികളിലുണ്ടായ മിക്ക ഒഴിവുകളും നികത്തിക്കഴിഞ്ഞുവെന്നും, നിലവിൽ സമരം ചെയ്യുന്നവർ തിരിച്ചുവന്നാലും ജോലിയിൽ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് തന്നെ കൃത്യമായി വേതന വർദ്ധനവ് നടപ്പാക്കിയതാണെന്നും, അത് ഇപ്പോൾ നടപ്പാക്കിയെന്നാണ് യുഎൻഎ പ്രചാരണം നടത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു.

അതേസമയം, ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം 52-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ശനിയാഴ്ച നഴ്സുമാരുമായി കരാർ ഒപ്പിടുമെന്ന് മാനേജ്മെന്റുകൾ സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം അതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം കൂടുതൽ ശക്തമാക്കി കണ്ണൂർ കളക്ടറേറ്റിന് മുന്നിലേക്ക് വ്യാപിപ്പിച്ചു. കണ്ണൂരിൽ നഴ്സുമാരുമായി പുതിയ ശമ്പള കരാർ ഒപ്പിട്ടാൽ അത് മറ്റ് ജില്ലകളിലും നടപ്പാക്കേണ്ടി വരുമെന്ന ഭയമാണ് മാനേജ്മെന്റുകളെ പിന്നോട്ട് വലിപ്പിക്കുന്നതെന്ന് ഐൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *