കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തിനാണ് ഇവര്‍ എല്ലാ ദിവസവും സമരം നടത്തുന്നത് കോണ്‍ഗ്രസിന് ഒരു ഹിഡന്‍ അജണ്ടയുണ്ട്. അവര്‍ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്നത്തിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസമാണ്. അതുകൊണ്ടാണ് ഇന്നുതെന്ന പ്രതിഷേധ ദിനമായി തിരഞ്ഞെടുത്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിത് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കോണ്‍ഗ്രസിനും രാജ്യത്തിനും നല്ലതല്ലെന്നും അമിത് ഷാ പറഞ്ഞു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്‌ക്കെതിരെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ‘ചലോ രാഷ്ട്രപതി ഭവന്‍’ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാര്‍ലമെന്റില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്‌സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ആറ് മണിക്കൂറിന് ശേഷം വൈകിട്ടോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *