ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു.

രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡില്‍ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തില്‍ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു.

വെള്ളത്തില്‍ വീണ ദേവീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെളിയില്‍ താണുപോയ യുവതിയുടെ കാലില്‍ കമ്പ് തുളച്ചുകയറി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഫൗസിയ വെള്ളത്തില്‍ ഒഴുകിപ്പോയി. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഫൗസിയ ചാലക്കുടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *