തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പ്രളയ സഹായത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് കൊടുക്കണമെന്നും സുധാകരന് പറഞ്ഞു.
‘ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്നും’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പറയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യം കൊണ്ടാണ്. ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.