മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോള്‍ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. തന്നെ എസ്.പിയുടെ വീട്ടില്‍ ക്ഷണിച്ചുവരുത്തിയപ്പോള്‍ അവിടെ സുഹൃത്തായ കസ്റ്റംസ് ഓഫീസറോടൊപ്പം മദ്യപിക്കുകയായിരുന്നു സുജിത് ദാസെന്നും തന്നെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ പറയുന്നു. അവിടെ നിന്ന് താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും പരാതിയുമായി പോയാല്‍ തന്നെ ഉപദ്രവിക്കില്ലേ എന്ന ഭയം കാരണമാണ് മുന്നോട്ട് പോകാതിരുന്നതെന്നും ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടതെന്നും ഇവര്‍ പറഞ്ഞു.

എസ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സ്ത്രീ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *