തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടിയ്ക്ക് നാണക്കേടുണ്ടായെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇന്ന് തന്നെ റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും, പാർട്ടിയിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകർ സംയമനം പാലിക്കണമെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ ഉന്നയിച്ച വിമർശനങ്ങളെ സണ്ണി ജോസഫ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ പാർട്ടിയുടേതുമെന്നും, സ്ത്രീകൾക്ക് എക്കാലത്തും അർഹമായ പരിഗണന നൽകുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച സുപ്രഭാതം എഡിറ്റോറിയലിലുള്ളത്.

മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്തിരുന്ന രാഷ്ട്രീയ നേതാവായിരുന്ന വി.ഡി. സതീശൻ, ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും സമസ്ത മുഖപത്രം എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *