ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ച് സ്വപന നേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങി ഇന്ത്യ. ഇതുവരെ 92 മെഡലുകൾ നേടിയ ഇന്ത്യ 9 മെഡലുകൾ കൂടി ഉറപ്പിച്ചിട്ടുണ്ട്.
അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, ഹോക്കി, ബ്രിജ് എന്നിവയിൽ ഓരോ മെ‍ഡലുകള്‍ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്.

പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം ഇനത്തില്‍ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ കിരൺ ബിഷ്ണോയ്ക്കു വെങ്കലം. മംഗോളിയൻ താരത്തെ 6–3നാണ് കിരൺ കീഴടക്കിയത്.
ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‍രംഗ് പുനിയ സെമിയില്‍ തോറ്റു. ഇറാന്റെ മുൻ ലോകചാംപ്യൻ റഹ്മാൻ അമോസാദ്കയ്‍ലിയോടാണ് ബജ്‌രംഗ് 1–8ന് തോറ്റത്. വെങ്കല മെ‍ഡലിനായി താരം മത്സരിക്കും. 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ അമന്‍ സെഹ്‍റാവത്ത് ജപ്പാന്റെ തോഷിഹിരോ ഹസെഗാവയോടു തോറ്റു. സെമിയിൽ 10–12നാണ് അമന്റെ തോൽവി.

Leave a Reply

Your email address will not be published. Required fields are marked *