തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ കയ്യാങ്കളിയില്‍ നടപടി നേരിട്ട പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്.

പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എ നീക്കങ്ങള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ കയ്യാങ്കളി കേസും പിന്‍വലിക്കാം എന്നായിരുന്നു രമ്യ ഹരിദാസ് അറിയിച്ചത്. എന്നാല്‍, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്നാണ് ചിറയിന്‍കീഴിലെ പ്രാദേശിക നേതാക്കള്‍ പറയുന്നത്.

കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാളയം പ്രദീപിനെയും സജാതിനെയും ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഡ്രൈവര്‍ അടക്കമുള്ളവര്‍ രാജി വെച്ചിരുന്നു. എംഎല്‍എയുടെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ചിറയിന്‍കീഴിലെ രണ്ട് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണം എന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *