ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ കേസെടുത്തു. നിയമവിരുദ്ധമായി കാര്‍ വാടകയ്ക്ക് നല്‍കിയതിനാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റാണ് കേസെടുത്തത്.
ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. കാര്‍ വാടകയ്ക്ക് വാങ്ങിയതാണെന്ന ഡ്രൈവറുടെ മൊഴി, ഗൂഗിള്‍ പേ മാര്‍ഗം പണം കൈമാറിയതടക്കം തെളിവായി കോടതിയില്‍ ഹാജരാക്കും.
അതേസമയം, വാഹനാപകടത്തില്‍ മരിച്ച എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ആല്‍വിന്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മന്ത്രി പി.പ്രസാദ്, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്‌കാരം.
ചികിത്സയിലുള്ള അഞ്ച് വിദ്യാര്‍ഥികളുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.