പരമമായ സത്യം എന്നൊന്ന് ഇല്ലെന്നും ചരിത്രവും പുരാണേതിഹാസങ്ങളും ഒരേ സത്യങ്ങളെ വ്യസ്ത്യസ്ത രീതിയിൽ നോക്കിക്കാണുന്നുവെന്നും ചിന്തകനും സാഹിത്യകാരനുമായ ദേവ്ദത്ത് പട്നായിക്. കെ എൽ ഐ ബി എഫ് ടോകിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും ഇന്ത്യൻ പുരാണേതിഹാസങ്ങളെ ആധുനിക സമൂഹവുമായി ചേർത്തുവെക്കുന്നതിൽ അഗ്രഗണ്യനാണ് ദേവ്ദത്ത് പട്നായിക്.
ഭൂതകാലത്തെ രണ്ട് വ്യത്യസ്ത വീക്ഷണകോണിൽ കാണുകയാണ് ചരിത്രവും പുരാണവും. ഒരു നാടിന്റെ സത്തയിൽ ഉൾച്ചേർന്നതാണ് പുരാണങ്ങൾ. സാധാരണക്കാരന്റെ ഭാഷയും ചിന്തയുമാണ് പുരാണങ്ങൾ. വ്യത്യസ്തമായ ആശയങ്ങൾ ജനതയ്ക്ക് അവ പകർന്നുകൊടുക്കുന്നുണ്ട്. ചരിത്രമാകട്ടെ, പണ്ഡിതന്റെ ഭാഷയാണ്. അവ ഏത് മനുഷ്യനിലും ഒരേ വിവരം മാത്രം പകരുന്നു. അതിൽ ഭാവനയ്ക്ക് ഇടവുമില്ല.
പ്രാദേശികമായ വിശ്വാസങ്ങൾ കൂടി ചേർന്ന പുരാണങ്ങളെ ചരിത്രം പോലെ ഏതെങ്കിലും മാപിനിയിൽ അളക്കാവുന്നതല്ല. അവയെ തള്ളിക്കളയുമ്പോൾ സമൂഹം വൈവിധ്യങ്ങളെ നിരാകരിക്കുകയാണ്. ഭാവനയുടെ ചിറകേറി പുരാണങ്ങൾ സത്യങ്ങളെ പ്രകാശിപ്പിക്കുന്നുവെന്നും പട്നായിക് പറഞ്ഞു.