മലപ്പുറം: സാദിഖലി തങ്ങളെ കാണാന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. യുഡിഎഫിലേക്കുള്ള നീക്കങ്ങള്‍ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അന്‍വര്‍ പാണക്കട്ടെത്തിയിരിക്കുന്നത്.

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല’-പി.വി അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പ്രസക്തമാണ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പത്ത് വര്‍ഷമായി യുഡിഎഫ് അധികാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇനിയും അത് തുടരാന്‍ യുഡിഎഫിന് സാധിക്കുകയില്ല. അധികാരത്തില്‍ വരാന്‍ രഷ്ട്രീയമായിട്ടുള്ള എല്ലാ കാര്യങ്ങളും യുഡിഎഫ് ചെയ്യും എന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *