മലപ്പുറം: ഫ്യൂസ് ഊരിക്കഴിഞ്ഞിട്ടും വൈദ്യുതി കുടിശ്ശിക അടയ്ക്കാതെ മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ ഇ ഒ ഓഫീസുകൾ നാലാം ദിവസവും ഇരുട്ടിൽ തുടരും. ജീവനക്കാർ തന്നെ കയ്യിൽ നിന്ന് പണമെടുത്ത ബില്ലടച്ചതോടെ ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇൻഫോർമേഷൻ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയർസെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെസ്ഈ ബി ഊരിയത്. 20000 ത്തോളം രൂപയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കുടിശ്ശിക. ഇത് അടച്ചിട്ടില്ല.

സോയിൽ കൺസർവേഷൻ ഓഫീസിന്റെ കുടിശ്ശിക 6247 രൂപയാണ്. ഇതിൽ പകുതി അടച്ചു. പകുതി ഈ മാസം പത്തിന് അടയ്ക്കുമെന്ന് ഉറപ്പു നൽകിയതിനാൽ കണക്ഷൻ പുനസ്ഥാപിച്ചു. 5212 രൂപ കുടിശ്ശികയുള്ള പിഡബ്ലുഡി ഓഫീസിൽ വെളിച്ചം എത്തിയിട്ടില്ല. ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ ജീവനക്കാർ തന്നെ സ്വന്തം കയ്യിൽ നിന്നും പണമടച്ച് വൈദ്യുതി ബന്ധം പുന്ഥാപിച്ചു.

എസ് സി ഓഫീസും ഹയർ സെക്കൻഡറി ഓഫീസും ബിൽ അടച്ച് വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കമ്പ്യൂട്ടറും മറ്റും പ്രവർത്തിക്കാൻ കഴിയാത്തത് എസ് എസ് എൽ സി മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഫുഡ് ഇൻസ്പെക്ടർ ഓഫീസ് 10000 ത്തോളം രൂപയാണ് കുടിശ്ശിക. പരിശോധനകളെയും മറ്റും ബാധിക്കുന്നതിനാൽ താൽക്കാലം ഫ്യൂസ് ഊരിയിട്ടില്ല. ജില്ലാ ജഡ്ജിയുടെ ഓഫീസിനും കുടിശ്ശികയുണ്ട്. എല്ലാ ഓഫീസുകളിലും നേരിൽ പോയി ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെഎസ്ഇബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *