ചേർപ്പിൽ തിരുവാണിക്കാവിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവർ സഹർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ആണ് മരണം സംഭവിച്ചത് .

സഹാറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത് ഫെബ്രുവരി 18-ാം തീയതി രാത്രിയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായ സഹറിനെ ഫെബ്രുവരി 18-ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരു സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചപ്പോളാണ് വീട്ടുകാർ വിവരമറിഞ്ഞത്. തുടര്‍ന്ന് മാതാവും ബന്ധുക്കളും ആശുപത്രിയിലെത്തിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റ യുവാവ് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പോലീസെത്തി മൊഴിയെടുത്തെങ്കിലും സദാചാരഗുണ്ടാ ആക്രമണമാണെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നടന്നത് സദാചാര ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.

പോലീസ് പറഞ്ഞതനുസരിച്ച് രാത്രി 12 മുതൽ പുലർച്ചെ നാല് മണിവരെയാണ് യുവാവിനെ ആയുധങ്ങളടക്കം ഉപയോഗിച്ച് ആറംഗസംഘം ആക്രമിച്ചത്. പ്രതികളിലൊരാളെ യുവാവ് തിരിച്ചറിയുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആറുപ്രതികളും ഒളിവില്‍പ്പോയിരുന്നു. ഇവരെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *