നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പരസ്പരമുള്ള പഴിചാരലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അത് തന്റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.
പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്.കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍എസ്എസില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ആര്‍എസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആര്‍.എസ്.എസ്സിന് മുതലെടുക്കാന്‍ അവസരം നല്‍കരുത് എന്ന കാര്യത്തിലും നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി എന്നതും സുധാകരന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *