അപകീർത്തിക്കേസിൽ ബെംഗളുരുവിലെ സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 40% കമ്മീഷൻ സർക്കാരെന്ന് കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് ഒരു ബിജെപി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് നൽകിയത്. കേസിൽ രാഹുലിന് ജാമ്യം അനുവദിച്ച ബെംഗളുരു സിറ്റി സിവിൽ ആന്‍റ് സെഷൻസ് കോടതി ജഡ്ജി കേസ് ജൂലൈ 30-ലേക്ക് മാറ്റി. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്.കോടതിയിൽ നിന്ന് ക്വീൻസ് റോഡിലെ ഭാരത് ജോഡോ ഭവനിലേക്കാണ് രാഹുൽ ഗാന്ധി പോയത്. ജയിച്ച എംപിമാരുമായും തോറ്റ സ്ഥാനാർഥികളുമായും രാഹുൽ ഗാന്ധി അവിടെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും ചർച്ച നടത്തിയ രാഹുൽ ലോക്സഭയിലെ തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തി. വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ കർണാടകയിലെ ഗോത്രക്ഷേമവകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജി വച്ച സാഹചര്യത്തിൽ ഇതേക്കുറിച്ചും ചർച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *