ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുവനൈയിൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. കേരളത്തിൽ ആദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് നടത്തുന്നതിന് രഹസ്യ സ്വഭാവം ഉറപ്പിക്കാൻ കർശന വ്യവസ്ഥ. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 13 കാരി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.
പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പതിമൂന്നുകാരിയെ ചോദ്യംചെയ്യുന്നതിനുള്ള അപേക്ഷയും ജുവനൈൽ ജസ്റ്റിസ് ബോർഡ് തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞമാസം 15നാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. മോഷണംപോയ സ്വർണം പൊലീസ് കണ്ടെത്തി, എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കൈയുറകൾ കണ്ടെത്താനായില്ല. നാലുപേരുടെയും മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നങ്ങള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മാതാപിതാക്കള്‍ ബന്ധം വേര്‍പ്പെടുത്തിയതോടെ അമ്മയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.
