ലോകത്തിലെ ഒന്നാം നിര സംഗീത പുരസ്കാരമായ ഗ്രാമി അവാര്‍ഡിനുള്ള ശ്രമത്തില്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സുഷിന്‍ സംഗീതം നല്‍കിയ ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതമാണ് ഗ്രാമി അവാര്‍ഡിനായി സുഷിന്‍ സമര്‍പ്പിച്ചത്. സംഗീത സംവിധായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിന്‍റെ മ്യൂസിക്കുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്. ഗ്രാമി അവാര്‍ഡിനായി എന്‍റെ വര്‍ക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പോസ്റ്റില്‍ സുഷിന്‍ പറയുന്നു. നിരവധിപ്പേരാണ് സുഷിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്. മലയാളത്തിലേക്ക് ഗ്രാമിയും എത്തട്ടെയെന്നാണ് പലരും കമന്‍റിലൂടെ ആശംസ നേരുന്നത്. 2024ല്‍ മലയാള സിനിമയിലെ രണ്ട് വന്‍ ഹിറ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്സും, ആവേശവും. രണ്ട് ചിത്രങ്ങളിലെ ഗാനവും ബിജിഎമ്മും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നില്‍ സുഷിന്‍റെ സംഗീതത്തിന് വലിയ പങ്കുണ്ടെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നു. അതേ സമയം റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു ‘മഞ്ഞുമ്മൽ ബോയ്‌സ്’. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രം നേടിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്കാരം ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങിയത്. ചിത്രത്തിന് മേളയില്‍ കാണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് റഷ്യയിലെ കാണികളില്‍ നിന്നും ലഭിച്ചതെന്നും. പല റഷ്യന്‍ കാണികളും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം റഷ്യന്‍ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം വിവരിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *