ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. സാധാരണക്കാരുടെ സുരക്ഷിതത്വംപ്രധാനമാണെന്നും ക്രൂരവും ഭയാനകവും വേദനാജനകവുമായ നാശത്തിന് അന്ത്യം കാണാന്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടറെസ് പറഞ്ഞു.
‘ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണ്. നൂറുകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ദിനേന കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങള്‍ നടക്കുകയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും 27 ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ യു.എന്നിന് 120 കോടി ഡോളര്‍ ആവശ്യമുണ്ട്’, ഗുട്ടറെസ് പറഞ്ഞു.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കരയാക്രമണവും വ്യോമാക്രമണവും സാധാരണക്കാരേയും ആശുപത്രികളേയും അഭയാര്‍ഥി ക്യാമ്പുകളേയും പള്ളികളേയും ചര്‍ച്ചുകളേയും യു.എന്നിന്റെ സംവിധാനങ്ങളേയും വരെ ലക്ഷ്യമിടുന്നു. ആരും സുരക്ഷിതരല്ല. അതേസമയം, ഹമാസും മറ്റ് സായുധസംഘങ്ങളും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഇസ്രയേലിലേക്ക് തുടര്‍ച്ചയായി റോക്കറ്റുകള്‍ തൊടുക്കുന്നു. യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ 89 സന്നദ്ധപ്രവര്‍ത്തകല്‍ ഗാസയില്‍ കൊലപ്പെട്ടുവെന്നും ഗുട്ടറെസ് പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിച്ചാല്‍ അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്തലിന്റെ സാധ്യതകള്‍ നെതന്യാഹു തള്ളിക്കളഞ്ഞു. മാനുഷിക പരിഗണനവെച്ച് താത്കാലിക വെടിനിര്‍ത്തലാവാം. സഹായം എത്തിക്കുന്നതിനോ ബന്ദികളെ പുറത്തെത്തിക്കുന്നതിനോ തന്ത്രപരമായ വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നും നെതന്യാഹു പറഞ്ഞു.
