ഉലക നായകന്‍ കമല്‍ ഹാസന് ഇന്ന് 70-ാം പിറന്നാള്‍. സിനിമയെ പ്രണയിക്കുന്ന ഉലക നായകന് ആരാധകരുടെ പിറന്നാള്‍ ആശംസ സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നര്‍ത്തകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. സകലകലാവല്ലഭനില്‍ നിന്ന് ആണ്ടവരിലേക്കും അവിടെ നിന്ന് ഉലക നായകനിലേക്കുമുള്ള കമല്‍ ഹാസന്റെ ജീവിതം സംഭവബഹുലമായിരുന്നു.

1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. അവിടുന്നിങ്ങോട്ട് കലാമൂല്യമുള്ളതും കൊമേഴ്‌സ്യല്‍ സിനിമകളുമായി അദ്ദേഹം തന്റെ സിനിമാ യാത്ര തുടരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്‌കാരങ്ങള്‍, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമല്‍ ഹാസന്റെ ചിത്രങ്ങളാണ്. സിനിമയിലെ കഥാപാത്രങ്ങളില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന നടന്‍ കൂടിയാണ് കമല്‍ ഹാസന്‍. നിശബ്ദ ചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍, ദശാവതാരം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് തെളിവാണ്.

പരീക്ഷണങ്ങള്‍ ഇങ്ങനെ തുടരുമ്പോഴും, എഴുപതാം വയസിലും മധുര പതിനേഴിന്റെ തിളക്കമുണ്ട് ആ കണ്ണുകളില്‍. സിനിമയില്‍ നിന്ന് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റും കമല്‍ ഹാസന്‍ തന്റെ പേരിലാക്കി. കമല്‍ ഹാസന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളും സിനിമാ പ്രേമികള്‍ക്ക് ഒരു പാഠപുസ്തകമാണെന്ന് പറയാം. മനുഷ്യത്വം, കമ്മ്യൂണിസം, ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിലും നിറഞ്ഞു നിന്നു. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഇനി കമല്‍ ഹാസന്റേതായി വരാനിരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *