ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുഡ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ആരെങ്കിലും ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുമെന്നും കുടുംബക്ഷേമഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെലങ്കാനയിലും ഗുട്കയ്ക്കും പാന്‍ മസാലയ്ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വില്‍പ്പനയും വ്യപകമായതോടെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്സും അഫ്സല്‍ഗഞ്ച് പൊലീസും ചേര്‍ന്ന് ന്യൂ ഒസ്മാന്‍ഗഞ്ചിലുള്ള ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 57,07,640 രൂപ വിലമതിക്കുന്ന 1475 കിലോഗ്രാം നിരോധിത ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതായി ഹൈദരാബാദ് സിറ്റി കമ്മീഷണര്‍ അഞ്ജനി കുമാര്‍ ഐപിഎസ് പറഞ്ഞു. നവംബര്‍ 18ന് നടന്ന റെയിഡില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

ആന്ധ്രയിലെ ഗുട്ക നിരോധനത്തിനെതിരെ 160 ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും കോടതി ഇവ തള്ളിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗുട്ക ഉപയോഗത്താല്‍ മരിക്കുന്നുണ്ട് എന്ന നിരീക്ഷണത്തിലായിരുന്നു കോടതി ഹര്‍ജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *