ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡിസംബര്‍ 26ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസ്റ്റ് ബൗളര്‍ ഡുവാന്‍ ഒലിവിയര്‍ ടെസ്റ്റ് സ്‌ക്വാഡില്‍ തിരിച്ചെത്തി. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യേ എന്നിവരടങ്ങുന്ന ഫാസ്റ്റ് ബൗളിങ് നിരയില്‍ ഒലിവിയര്‍ കൂടിയെത്തുമ്പോള്‍ കൂടുതല്‍ കരുത്തുറ്റതാകും.

29 -കാരനായ ഡ്വെയ്ന്‍ ദക്ഷിണാഫ്രിക്കക്കായി 10 ടെസ്റ്റ് മത്സരങ്ങളും രണ്ടു ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിച്ച 10 ടെസ്റ്റില്‍ നിന്നും 48 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ശ്രീലങ്കക്ക് എതിരെ 2019 ഫെബ്രുവരിയില്‍ നടന്ന പരമ്പരയിലാണ് ഡുവാന്‍ ഒലിവിയര്‍ അവസാനമായി ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചത്.

”സെലക്ടര്‍മാര്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മടങ്ങിവരവില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വളരെ പ്രധാനപ്പെട്ട ഫോര്‍മാറ്റാണ് ഇത്, അതിനെ എന്നും സജീവമായും പ്രാധാന്യമുള്ളതായും നിലനിര്‍ത്തുക എന്നതാണ് സംഘടനയുടെ പ്രധാന മുന്‍ഗണന” ദക്ഷിണാഫ്രിക്കയുടെ സെലക്ടേഴ്സ് കണ്‍വീനര്‍ വിക്ടര്‍ പിറ്റ്‌സാങ് പറഞ്ഞു.

”ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ കുറച്ചു പോയിന്റുകള്‍ കണ്ടെത്തുന്നതിനും പ്രധാനപ്പെട്ട പാരമ്പരയാണിത്, ഇവര്‍ സ്വന്തം മണ്ണില്‍ നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സെലക്ടര്‍മാരുടെ പ്രതിനിധി എന്ന നിലയില്‍ ഡീന്‍ എല്‍ഗര്‍, മാര്‍ക്ക് ബൗച്ചര്‍, ടീമംഗങ്ങള്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.” അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്‌ക്വാഡ്

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സാരെല്‍ എര്‍വി, ബ്യൂറാന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ്ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ആന്റിച്ച് നോര്‍ക്യേ, കീഗന്‍ പീറ്റേഴ്സണ്‍, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, കെയ്ല്‍ വെറെയ്നെ, മാര്‍ക്കോ ജാന്‍സെന്‍, ഗ്ലെന്റണ്‍ സ്റ്റൂര്‍മാന്‍, പ്രെനെലന്‍ സുബ്രയെന്‍, സിസാന്‍ഡ മഗല, റയാന്‍ റിക്കല്‍ട്ടണ്‍, ഡുവാന്‍ ഒലിവിയര്‍

മത്സരക്രമം

ആദ്യ ടെസ്റ്റ്: 26-30 ഡിസംബര്‍ 2021 (സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്ക്, സെഞ്ചൂറിയന്‍)
രണ്ടാം ടെസ്റ്റ്: 3-7 ജനുവരി 2022 (വാണ്ടറേഴ്‌സ്, ജോഹന്നാസ്ബര്‍ഗ്)
മൂന്നാം ടെസ്റ്റ്: 11-15 ജനുവരി 2022 (ന്യൂലാന്‍ഡ്‌സ്, കേപ്ടൗണ്‍)

Leave a Reply

Your email address will not be published. Required fields are marked *