എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ചത്.കൊലപാതകം നടന്ന ഒന്നാംനിലയിലെ മുറിയില്‍ 40 മിനിറ്റോളം പോലീസ് പ്രതിയുമായി ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലീസിനോഡ്ഡ് വിശദീകരിച്ചു.
യുവതി ജോലിചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലീസ് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊലപാതകശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബെംഗളൂരുവിലെ കടയില്‍ അടുത്തദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.കഴിഞ്ഞ 30-ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.