കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിന്‍ കോര്‍പ്പറേഷനിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ വിജിലന്‍സ് പിടികൂടി.പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ പള്ളുരുത്തി ഒന്‍പതാം സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനു, കണ്ടിന്‍ജന്റ് ജീവനക്കാരനായ ജോണ്‍ സേവ്യര്‍ എന്നിവരാണ് പിടിയിലായത്.
ആലുവ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. പള്ളുരുത്തി നമ്പ്യാപുരം റോഡില്‍ തുടങ്ങുന്ന മൊബൈല്‍ ആക്‌സസറീസ് ഹോള്‍സെയില്‍ ഷോപ്പിന്റെ ലൈസന്‍സിനായി കഴിഞ്ഞമാസം 27-ന് ഓണ്‍ലൈനായി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. 30-ന് പള്ളുരുത്തി സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുവിനെ നേരില്‍ കണ്ടപ്പോള്‍ അപേക്ഷ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനുവിന്റെ കൈവശമാണെന്ന് പറഞ്ഞു.അതിനുശേഷം കണ്ടിന്‍ജന്റ് ജീവനക്കാരനായ ജോണ്‍ സേവ്യര്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഷോപ്പ് പരിശോധിക്കണമെന്ന് അറിയിച്ചു. ബുധനാഴ്ച ഷാനുവും ജോണും ചേര്‍ന്ന് ഷോപ്പ് പരിശോധിച്ചശേഷം മുറിയില്‍ വ്യത്യാസം വരുത്തണമെന്നും അല്ലാത്തപക്ഷം വെള്ളിയാഴ്ച 50,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടത്രെ. പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.ഇതനുസരിച്ച് വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം 10,000 രൂപയുമായി പരാതിക്കാരന്‍ പള്ളുരുത്തിയിലെ ഓഫീസിലെത്തി. ഒപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരുമെത്തി. പരാതിക്കാരനില്‍നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദ്യ ഗഡുവായ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഈ സമയത്ത് മറ്റ് രണ്ട് ജീവനക്കാരും സമീപത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *