കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പക്ഷെ കൂടെനില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും. അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ ?ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തരൂരിനെ പ്രശംസിക്കുകയൂം വി.ഡി സതീശനും രമേശ് ചെന്നിത്തലക്കുമെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തത്.തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം. തരൂര്‍ ഡല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസിലെ തന്നെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളാണ് തരൂര്‍. കൂടാതെ സാധാരണക്കാരനൊപ്പം നില്‍ക്കുന്ന നേതാവാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനെ പോലെ കാണേണ്ടതില്ല. മന്നം ജയന്തിയില്‍ തരൂര്‍ പങ്കെടുത്തത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് പറയുന്നതില്‍ കുറച്ച് സത്യമുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കാന്‍ പറയുമ്പേള്‍ കിടക്കരുതെന്ന് പറയുന്നു.

ഇത്രയും സംസ്‌കാരശൂന്യമായ പദപ്രയോഗം ഇവിടെ സാധാരണ ആരാണ് നടത്താറുള്ളത്. അതാരും ചര്‍ച്ചചെയ്യുന്നില്ല. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറയുന്നത് അശ്ലീലമാണ്. ആ പ്രയോഗം നടത്തിയതിനാണ് ആ മനുഷ്യനോട് വിരോധം. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ ചെന്നിത്തല എന്താണ് പറഞ്ഞത് ? എന്നെ ആരും ജാതീയമായി പ്ലാന്റ് ചെയ്യേണ്ടെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് എനിക്ക് ഒരു വിരോധവുമില്ല. പക്ഷെ യുഡിഎഫ് സര്‍ക്കാരിന് ഭരണം പോയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടി ആയിരുന്നുവെങ്കില്‍ അത്രവലിയ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നു. ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തിനാണ് ആശയക്കുഴപ്പമുണ്ടായത്. ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിന് ഒപ്പമാണല്ലോ എപ്പോഴും നിന്നിരുന്നതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *