കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തുന്ന നടന്‍ മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’. ശില്‍പി ഉണ്ണി കാനായി തയാറാക്കിയ മമ്മൂട്ടിയുടെ ശില്‍പമാണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിളിച്ചാണ് മമ്മൂട്ടിക്ക് സ്‌നേഹോപഹാരം നല്‍കാന്‍ ചെറിയ ശില്‍പ മടങ്ങുന്ന സമ്മാനം ചെയ്തു നല്‍കാന്‍ പറ്റുമോ എന്ന് ചോദിച്ചത്. ഉണ്ണി താന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവര്‍ത്തനം മുതല്‍ അവസാനം കണ്ട ഭീഷ്മപര്‍വം വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് ‘വണ്‍’ എന്ന സിനിമയിലെ രൂപമായിരുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി തിളങ്ങിയ കഥാപാത്രം. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മോള്‍ഡ് എടുത്തു. ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശി. മൂന്നു ദിവസം കൊണ്ട് ശില്പം റെഡി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തുന്ന മമ്മൂട്ടിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശില്പം സമ്മാനിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ജുളാലിലെ പുതിയ ഗരുഡന്‍ പ്രതിമ ,തിരുവനന്തപുരത്തെ ഗുരുദേവപ്രതിമ, സി.പി.എം. പാറപ്പുറം സമ്മേളനത്തിന്റെ ശില്പാവിഷ്‌കാരം തുടങ്ങിയ ഒട്ടേറേ മികച്ച സൃഷ്ടികള്‍ ഉണ്ണിയുടേതായുണ്ട്.