ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വെട്ടിലാക്കി നായകന്‍ ഡീന്‍ എല്‍ഗാറും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും. ഐ.പി.എല്‍. 2022-നിടെ ബംഗ്ലാദേശിനെതിരേ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകളാണെന്നതിനാല്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ഒപ്പമുണ്ടാകണമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

പണമാണോ രാജ്യത്തോടുള്ള കൂറാണോ വലുത് എന്നു ചിന്തിച്ചു തീരുമാനമെടുക്കാനാണ് ബോര്‍ഡും നായകനും താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
.
എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങളോടു കര്‍ശന നിര്‍ദേശം നല്‍കാന്‍ ബോര്‍ഡും നായകനും തയാറല്ല. പകരമായാണ് കൂറു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ”ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഓരോ പരമ്പരയെന്നും ദേശീയ ടീമാണോ ഐ.പി.എല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ”യെന്നുമാണ് നായകന്‍ എല്‍ഗാര്‍ പ്രതികരിച്ചത്. ഇതോടെ വെട്ടിലായത് താരങ്ങളാണ്.

മാര്‍ച്ച് 18 ഏപ്രിൽ 12 വരെയാണ് ടെസ്റ്റ് മത്സരങ്ങള്‍. ഇതിനു ശേഷം ഐ.പി.എല്ലിന് എത്താമെന്നു കരുതിയാല്‍പ്പോലും ഏറെ മത്സരങ്ങള്‍ താരങ്ങള്‍ക്കു നഷ്ടമാകും. മാര്‍ച്ച് 26-നാണ് ഐ.പി.എല്‍. ആരംഭിക്കുന്നത്. ഏപ്രില്‍ 12-ന് ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കി 13-നോ 14-നോ ഇന്ത്യയില്‍ എത്തിയാല്‍പ്പോലും ഏഴു ദിവസം ക്വാറന്റീന്‍ കഴിഞ്ഞു ബയോബബിളില്‍ പ്രവേശിക്കുമ്പോഴേക്കും ഏപ്രില്‍ 20 കഴിയും. അപ്പോഴേക്കും ലീഗിന്റെ ആദ്യ പകുതി പിന്നിട്ടിരിക്കും.

ഇതേ സമയം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഈ തീരുമാനത്തില്‍ ഞെട്ടിയത് ഐ.പി.എല്‍. ടീമുകളാണ്. വിവിധ ടീമുകളിലായിപ്രമുഖ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ആന്റ്‌റിച്ച് നോര്‍ക്യെ, കാഗിസോ റബാഡ, മാര്‍ക്കോ യാന്‍സെന്‍, എയ്ഡന്‍ മര്‍ക്രം തുടങ്ങിയവരുണ്ട്. ഇവരുടെ സേവനം ലീഗിന്റെ ആദ്യപകുതിയില്‍ ടീമുകള്‍ക്ക് ലഭിക്കില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *