തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ബന്ധുക്കളും അതീവ രഹസ്യമായി യാത്ര നടത്തുന്നത് എന്തിനാണ് അദ്ദേഹം ചോദിച്ചു. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിങ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ പത്ത് ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനമെടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബി.ജെ.പിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സി.പി.എം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *