ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത നില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സൈന്യം ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ജമ്മു കശ്മീരില്‍ തുടരുന്ന പാക് പ്രകോപനത്തിലെ തുടര്‍നീര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *