പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം. സംഭവം കണ്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപത്തെ ദാസനപുരയിലാണ് സംഭവം.

ബിഹാര്‍ സ്വദേശിയായ സഞ്ജയ് ആണ് ഭാര്യ സോനാലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സോനാലിയുടെ വീടിനു മുമ്പില്‍വെച്ചായിരുന്നു സംഭവം. സോനാലി വീട്ടില്‍നിന്ന് പുറത്തേക്കിയറങ്ങിയവേളയില്‍ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ സഞ്ജയ് കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ തന്നെ സഞ്ജയിനെ കീഴ്‌പ്പെടുത്തി സോനാലിയെ രക്ഷിക്കുകയായിരുന്നു. ആക്രമണത്തില്‍ സോനാലിക്ക് പരിക്കില്ലെന്നാണ് വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. സഞ്ജയിയുടെ മദ്യപാന ശീലമാണ് ഇതിനുപിന്നിലെന്നാണ് വിവരം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹശേഷം ഇവര്‍ ബിഹാറില്‍നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. മദ്യപാനശീലം കടുത്തതോടെ സഞ്ജയിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് സോനാലി അറിയിച്ചിരുന്നു. ഇതോടെയാണ് സഞ്ജയ് സോനാലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *